ഉഷ്ണരാശിയുടെ ചൂടും ചൂരുമറിഞ്ഞ് അതിഥികള്‍ സന്തുഷ്ടരായി

Category : GENERAL | Sub Category : General Posted on 2019-11-16 09:30:44
State/District: SSA SPO


ഉഷ്ണരാശിയുടെ ചൂടും ചൂരുമറിഞ്ഞ് അതിഥികള്‍ സന്തുഷ്ടരായി


   സംസ്ഥാനത്താകമാനമുള്ള പൊതുവിദ്യാലയങ്ങളില്‍ വളരെ വ്യത്യസ്ത മായതും ചരിത്രപരമായി മാറാന്‍ പോകുന്നതുമായ വേറിട്ട പരിപാടിക്ക് ശിശുദിനത്തില്‍ തുടക്കം കുറിച്ചു. പൊതുവിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സമീപ പ്രദേശത്തെ പ്രതിഭകളെ കാണുവാനും അനുഭവങ്ങള്‍ പകര്‍ന്നെടുക്കുവാനും വേണ്ടി കുട്ടികളും അധ്യാപകരും ഒന്നിച്ചിറങ്ങിയ ദിനം. തിരുവനന്തപുരം ശ്രീകാര്യം ഗവ. ഹൈസ്കൂളിലെ പതിനഞ്ചോളം വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രധാനഅധ്യാപികയും പി.ടി.എ പ്രസിഡന്‍റുമടക്കം രാവിലെ മുതല്‍ യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. തങ്ങളുടെ സ്കൂള്‍ പരിധിയിലെ ആ സവിശേഷ പ്രതിഭയെ കാണുവാനും അദ്ദേഹത്തിന്‍റെ ജീവിത നാള്‍വഴികളെ അടുത്തറിയാനും വേണ്ടിയുള്ള യാത്രയിലേക്ക്. ശ്രീ.കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്-ന്‍റെ വീട്ടിലേക്കായിരുന്നു ആ യാത്ര
    കുട്ടികളും അധികൃതരും മറ്റൊരതിഥിയെകൂടി കാത്ത് നില്‍പ്പുണ്ടായിരുന്നു. സമഗ്രശിക്ഷാ,കേരള ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ മാഷിന്‍റെ സാന്നിധ്യവും സംഘാംഗങ്ങള്‍ക്ക് പുത്തനനുഭവം തീര്‍ത്തു. വീട്ടിലെത്തിച്ചേര്‍ന്ന ഡോ.എ.പി. കുട്ടികൃഷ്ണന്‍മാഷിനെയും, കുട്ടികളെയും, സ്കൂള്‍ അധികൃതരെയും നിറഞ്ഞ ചിരിയോടെ കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ് സ്വീകരിച്ചു. കൈയില്‍ കരുതിയിരുന്ന ഓര്‍ക്കിഡ് പുഷ്പങ്ങള്‍ നിറഞ്ഞ ചെണ്ട് അദ്ദേഹത്തിന് നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് ഏവരെയും വീട്ടിലേക്ക് ക്ഷണിച്ചിരുത്തി.


    

കുട്ടികള്‍ മനസ്സില്‍ കരുതിയ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ലളിതവും സാധാരണത്വവും നിറഞ്ഞ ഭാഷയില്‍ മറുപടി നല്‍കി. ആലപ്പുഴക്കാരനായ കെ. വി. മോഹന്‍കുമാര്‍ ഐ.എ.എസ്-ന് ഭരണപരമായ നൈപുണ്യവും സാഹിത്യവും എങ്ങനെയാണ് ഒപ്പം ചേര്‍ത്തുകൊണ്ട് പോകാന്‍ കഴിയുന്നതടക്കം കുറുമ്പുകള്‍ നിറഞ്ഞ ചോദ്യങ്ങളാണ് കുട്ടികളില്‍ നിന്നുണ്ടായത്.  കുട്ടികളിലെ സര്‍ഗവാസനകളുടെ നൈര്‍മല്യവും വളര്‍ച്ചയും അധ്യാപകരാല്‍ പോഷിപ്പിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വയലാര്‍ അവാര്‍ഡ് ലഭിച്ച ഉഷ്ണരാശി നോവലിന്‍റെ പശ്ചാത്തലം വിവരിക്കുമ്പോള്‍ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ് എന്ന ഭരണകര്‍ത്താവിന്‍റെ കണ്ണുകളില്‍ സമരങ്ങളുടെയും ഒരുജനതയനുഭവിച്ച യാതനകളുടെയും തീഷ്ണതയേറെയുണ്ടായിരുന്നു. കുട്ടികള്‍ വളരെ ശ്രദ്ധയോടെയും ആശ്ചര്യത്തോടെയും ഇത് കേട്ടിരിക്കുന്നുണ്ടായിരുന്നു. ഡോ.എ.പി.കുട്ടികൃഷ്ണന്‍ മാഷും കുട്ടികളോടൊപ്പം ചേര്‍ന്ന് ഏറെ സഹൃദയനായി അവരിലൊരാളായി മാറി. മധുരം നിറഞ്ഞ ലഘു ഭക്ഷണശേഷം അദ്ദേഹത്തിന്‍റെ വിശാലമായ ലൈബ്രറിയിലേക്കാണ് എല്ലാവരും എത്തിയത്. തന്നെ കാണാനെത്തിയ കുട്ടികള്‍ക്കുവേണ്ടിയും സ്കൂളിലെ ലൈബ്രറിക്കായും ഒരു പിടി പുസ്തകങ്ങള്‍ അദ്ദേഹം കരുതിവച്ചിരുന്നു. സ്കൂള്‍ ലീഡര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. തന്‍റെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകമായ മാന്‍ഹണ്ട്  ന്‍റെ ഒരു പ്രതി കുട്ടികൃഷ്ണന്‍ മാഷിന് സ്നേഹപൂര്‍വ്വം കൈയൊപ്പോടെ നല്‍കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നവീനത്വം പകരുന്ന ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും തന്നെ സന്ദര്‍ശിക്കാനെത്തിയ എല്ലാവര്‍ക്കും സന്തോഷത്തോടെ  നന്‍മകള്‍ നേര്‍ന്നുകൊണ്ടുമാണ് അദ്ദേഹം യാത്രയാക്കിയത്.  തങ്ങളുടെ സ്കൂളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടും സന്ദര്‍ശനത്തിനും സ്വീകരണത്തിനും ഹൃദ്യമായ നന്ദി രേഖപ്പെടുത്തി കുട്ടികളും യാത്ര പറഞ്ഞിറങ്ങി.
     പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജനഹൃദയങ്ങളിലേക്ക് പടര്‍ന്നിറങ്ങുകയാണ്. പുതുതലമുറയ്ക്കായി കരുതലുള്ള കേരളത്തിലെ ഭരണകൂടത്തിന്‍റെ കാഴ്ചപ്പാടുകളില്‍ മറ്റൊരു വസന്തം കൂടി വിരിയുകയായി..

Search
Categories
Recent News